
പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജോസഫ് ജാക്സണ്‍ ഓര്‍മയായി. അമേരിക്കയിലെ ഇന്ത്യാനയില്‍ ഓഗസ്റ്റ് 29, 1958 ലാണ് ഇദ്ദേഹം ജനിച്ചത്. ജാക്ക്സണ്‍ കുടുംബത്തില്‍ ഏഴാമത്തെ കുഞ്ഞായിരുന്നു മൈക്കിള്‍. പതിനൊന്നാമത്തെ വയസ്സില്‍ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറ്റം നടത്തി. 1972-ല്‍ സോളോ പാടി തുടങ്ങിയ ഇദ്ദേഹം അധികം വൈകാതെ തന്നെ ‘പോപിന്‍റെ രാജാവ്’ എന്ന പേരിനര്‍ഹനായി.
വിദേശ സംഗീത ചാനലായ MTV യുടെ വളര്‍ച്ചക്ക് മൈക്കിള്‍ ജാക്സണ്‍ ന്‍റെ ഗാനങ്ങള്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിനു വഴങ്ങാത്ത ‘മൂണ്‍വാക്ക് ‘, ‘റോബോട്ട്’ തുടങ്ങിയ നൃത്ത ശൈലികള്‍ ഇദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. എട്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ നേടിയെടുത്ത ഇദ്ദേഹത്തിന്‍റെ, ഏകദേശം എഴുപത്തഞ്ചു കോടി ആല്‍ബങ്ങള്‍ ലോകമൊട്ടുക്കും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ അഞ്ച് സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആല്‍ബങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഓഫ് ദ വാള്‍ (1979), ത്രില്ലര്‍ (1982), ബാഡ് (1987), ഡേഞ്ചറസ് (1991), ഹിസ്റ്ററി (1995) എന്നിവയാണവ.
നാല്‍പതോളം ജീവകാരുണ്യ സംഘടനകളെ സഹായിച്ചിരുന്ന ഇദ്ദേഹം ഒട്ടനവധി പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍, പ്രത്യേകിച്ച്, ലൈംഗിഗ വിവാദങ്ങള്‍ ഒരു നിഴല്‍ പോലെ ഇദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു.
അച്ഛനാല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട മൈക്കിളിന്‍റെ കുട്ടിക്കാലം ഭീതിതമായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നത്രേ. എന്നാല്‍ തന്‍റെ ജീവിത വിജയത്തിന് അച്ഛന്‍റെ ഈ കണിശമായ അച്ചടക്കം സഹായകരമായി എന്നും അദ്ദേഹം ഓര്‍മിച്ചിരുന്നു. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ജാക്ക്സണ്‍ ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന വാര്‍ത്തയും ഒരുപാട് പ്രാമുഖ്യം നേടിയിരുന്നു. സണ്‍ മാഗസിന്‍ ആയിരുന്നു ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്.
ജൂണ്‍ 25, 2009-ല്‍ അയമ്പതാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങിയ ഇദ്ദേഹത്തെ പക്ഷേ വിവാദങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, ഇപ്പോഴും! മൈക്കിള്‍ ജാക്ക്സണ്‍ മരിക്കുന്നില്ല, ഒരിക്കലും!
















അഭിപ്രായങ്ങള്‍