
Courtesy: KSRTC
ഇന്ത്യയില്‍ എല്ലായിടത്തും എന്നപോലെ കേരളത്തിലും യാത്രാ ദുരിതത്തിന് ഒരു പഞ്ഞവുമില്ല. ബസില്‍ യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ ഏറെയും. സാധാരണക്കാരന്‍റെ വാഹനമായ ബസ് അവനൊരു അനുഗ്രഹമാണ്. ബസ്സുകള്‍ മുടങ്ങുമ്പോള്‍ ജനങ്ങള്‍ വലയുന്നു, പല കാര്യങ്ങളും മുടങ്ങുന്നു. ഇത്രയും കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതാതെ തന്നെ എല്ലാവര്‍ക്കും അറിയാം. പിന്നെ?
ഇത്രയും പറഞ്ഞത് വേറെ ഒന്നിനുമല്ല, ഗവണ്മെന്റിന്റെ അപൂര്‍വ്വം ചില തീരുമാനങ്ങള്‍ എങ്കിലും ചിലപ്പോള്‍ ജനങളെ വലക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് കെ എസ് ആര്‍ ടീ സീ ബസ് റൂട്ടുകളില്‍ പ്രൈവറ്റ് ബസ് നിര്‍ത്തലാക്കുന്നു എന്നത്. കെ എസ് ആര്‍ ടീ സീ ക്ക് പെര്‍മിറ്റ് നല്‍കുന്ന നോട്ടിഫയിഡ് റൂട്ടുകളില്‍ (33 റൂട്ടുകള്‍) പ്രൈവറ്റ് ബസിനു പെര്‍മിറ്റ് പുതുക്കി കൊടുക്കില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച വിജ്ഞാപനവും ഇറക്കിക്കഴിഞ്ഞു. ഈ തീരുമാനം തീര്‍ച്ചയായും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക തന്നെ ചെയ്യും. കാരണം, ഏകദേശം 17,000 (പതിനേഴായിരം) പ്രൈവറ്റ് ബസുകളാണ് ഇക്കാരണത്താല്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകുക! കേരളത്തിലെ ബസുകളില്‍ 80 ശതമാനം ബസ്സുകളും സ്വകാര്യ ഉടമസ്ഥതയിലാണ് എന്നിരിക്കെ മതിയായ ബസുകള്‍ ഇല്ലാത്ത കെ എസ് ആര്‍ ടീ സീ ക്ക് വേണ്ടി അവ ഓരോന്നായി നിരത്തില്‍ നിന്നും അപ്രത്യക്ഷമാവുന്ന അവസ്ഥ ആശങ്ക സൃഷ്ടിക്കുന്നു.
പ്രൈവറ്റ് ബസുകള്‍ ഓടുന്ന റൂട്ടില്‍ കെ എസ് ആര്‍ ടീ സീ ക്ക് അവരോടൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല അല്ലെങ്കില്‍ ലാഭകരമായിരിക്കുകയില്ല എന്നൊക്കെ ഉള്ള വേവലാതിയാണ് ഗോവെര്‍മെന്റിനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. രണ്ടു തുല്യ ശക്തികള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കാന്‍ ഒരുപക്ഷെ ഇതു സഹായിച്ചേക്കാം. എന്നാല്‍ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യാത്രക്കായി ബസിനെ മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, കച്ചവടക്കാര്‍ എന്നിവരടങ്ങുന്ന പൊതു ജനങ്ങളെയാണ്. ഇത് ഗവണ്‍മെന്റ് കാണാതെ പോകരുത്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മറ്റു ജനപ്രിയമായ രീതികളാണ് കെ എസ് ആര്‍ ടീ സീ അവലംബിക്കേണ്ടത്. അല്ലാതെ എലിയെ പേടിച്ചു ഇല്ലം ചുടുകയല്ല വേണ്ടത്.
സമയം തീരെ പാലിക്കാത്തതും, വന്നാല്‍ -വന്നു ഇല്ലെങ്കില്‍ -ഇല്ല എന്ന അവസ്ഥയിലുള്ള കെ എ സ് ആര്‍ ടീ സീ യെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ജനങ്ങള്‍. ബസില്ലാത്ത ദിവസങ്ങളില്‍ ടാക്സി പോലുള്ള മറ്റു വാഹനങ്ങളെ ആശ്രയിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം പലര്‍ക്കും കഴിയില്ല.
ഡെല്‍ഹിയിലെ ഒരു ദിനപ്പത്രം ഒരിക്കല്‍ ഒരു സര്‍വെ നടത്തുകയുണ്ടായി. ജനങ്ങള്‍ക്ക്‌പ്രൈവറ്റ് ബസില്‍ യാത്ര ചെയ്യാനാണൊ അതോ അവിടത്തെ ഗവണ്‍മെന്റ് ബസ് ആയ ഡീ ടീ സീ യില്‍ യാത്ര ചെയ്യനാണൊ താല്‍പര്യം എന്ന്. കൂടുതല്‍ പേരും ഡീ ടീ സീ യില്‍ യാത്ര ചെയ്യാനാണ് താല്‍പര്യം എന്നാണ് അഭിപ്രായപ്പെട്ടത്.
അതിനൊരു കാരണം കൂടിയുണ്ട്. ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന് പറഞ്ഞപോലെ, അവിടെ ഗവണ്‍മെന്റ് ബസ് ആണ് പ്രൈവറ്റ്‌നേക്കാള്‍ ഭേദം. അവിടത്തെ പ്രൈവറ്റ് ബസുകള്‍ വളരെ നിലവാരം കുറഞ്ഞതും വൃത്തിഹീനവും ആണ്. പിന്നെ യാത്രക്കാരോടുള്ള അവരുടെ അഹങ്കാരം നിറഞ്ഞതും അപമാര്യാതയോടെയുമുള്ള പെരുമാറ്റവും അവരെ വെറുക്കാന്‍ ഇടയാക്കുന്നു. . അക്ഷരാഭ്യാസം തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് അതില്‍ ഭൂരിഭാഗവും. വേണ്ട സ്ഥലങ്ങളില്‍ നിര്‍ത്താതേയും, വേണ്ടാതിടത്തൊക്കെ നിര്‍ത്തിയും, റോഡ് നിയമങ്ങള്‍ അല്പംപോലും പാലിക്കാതെയും വളരെ പരുക്കന്‍ രീതിയിലാണ് അവിടെ പ്രൈവറ്റ് ബസുകള്‍ നിരത്തില്‍ വിലസുന്നത്. അങ്ങിനെ എല്ലാം കൊണ്ടും അവിടത്തെ ജനങ്ങള്‍ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്. എന്നാല്‍ വേണ്ടത്ര ഡീ ടീ സീ ബസുകള്‍ ഇല്ലാത്തതിനാല്‍ മാത്രം ജനങ്ങള്‍ അവരെ സഹിക്കുന്നു.
എന്നാല്‍ ഇവിടത്തെ സാഹചര്യം അതല്ല. ഇവിടെ ജനങ്ങള്‍ സ്വകാര്യ ബസുകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനു ഒറ്റ കാരണം മാത്രമേ കാണൂ, അവയുടെ മത്സര മരണയോട്ടവും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും . ഇക്കാര്യം സ്വകാര്യ ബസ് ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അപകടങ്ങള്‍ ഒഴിവാക്കിയേ തീരൂ. ഇത് സ്വന്തം സമൂഹത്തിന്‍റെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണെന്ന് അവര്‍ തിരിച്ചറിയണം. ഡല്‍ഹിയില്‍ പ്രൈവറ്റ് ബസുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ വന്‍ പദ്ധതിയുമായി അവിടത്തെ ഗവണ്മെന്റ് തയ്യാറെടുത്തു കഴിഞ്ഞു. അങ്ങിനെ അവിടത്തെ പ്രൈവറ്റ് ബസ്സുകാര്‍ തന്നെ അവര്‍ക്കുള്ള ശവക്കുഴി തോണ്ടുകയായിരുന്നു. അങ്ങിനെ ഒരു അവസ്ഥ ഇവിടെ ഉണ്ടാകരുത്.
ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ പ്രൈവറ്റ് ബസുകളെക്കാള്‍ എത്രയോ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനമാണ് ഇവിടെ കേരളത്തിലെ പ്രൈവറ്റ് ബസുകള്‍ കാഴ്ച്ചവെക്കുന്നതെന്ന വസ്തുത കാണാതെ പൊയ്ക്കൂടാ.പകരത്തിനു പകരം ഒരു ബസ് നിരത്തില്‍ ഇറക്കുമ്പോള്‍ കെ എസ് ആര്‍ ടീ സീ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
ഹ്രസ്വ ദൂര സഞ്ചാരത്തിനു മറ്റു തരത്തിലുള്ള വാഹനങ്ങള്‍ (മെട്രോ ട്രെയിന്‍, മോണോറെയില്‍, സ്കൈ ബസ് മുതലായവ) ഇപ്പോള്‍ കേരളത്തില്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഈ തീരുമാനം പുനപ്പരിശോധിക്കേന്ടിയിരിക്കുന്നു. ഒരു പ്രൈവറ്റ് ബസ് നീക്കിയാല്‍ പകരം രണ്ടു കെ എസ് ആര്‍ ടീ സീ ബസുകള്‍ നിരത്തിലിറക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമോ? കെ എസ് ആര്‍ ടീ സീ യുടെ ഭാവി കണക്കിലെടുക്കുന്നതിനോടൊപ്പം ജനങ്ങളുടെ സൌകര്യങ്ങളും കൂടി പരിഗണിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായിരിക്കണം.പാവം ജനങ്ങള്‍ വലയരുത്!
- ഉമ്മനേഴിയന്‍ pulappatta@pulappatta.com

















അഭിപ്രായങ്ങള്‍